ന്യൂഡൽഹി: ആക്ഷേപഹാസ്യത്തിൽനിന്നു ഡിജിറ്റൽ മുന്നേറ്റമായും ഒടുവിൽ യുവജനപ്രക്ഷോഭമായും വളർന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ ഭാവി കാര്യപരിപാടികളിലേക്ക് കണ്ണുംനട്ടു ദേശീയ രാഷ്ട്രീയം.
കേവലം രണ്ട് മാസത്തിനിടെ ഒരു കേന്ദ്രമന്ത്രിയുടെ രാജി നേടിയെടുത്ത സമൂഹമാധ്യമ അക്കൗണ്ട് യുവജനങ്ങളുടെയും വിദ്യാർഥികളുടെയും വ്യക്തമായ പിന്തുണയോടെ എത്ര ദൂരം പോകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ഏകദേശം 97 കോടിക്കടുത്ത് രജിസ്റ്റേർഡ് വോട്ടർമാരുള്ള രാജ്യത്ത് 2.69 കോടി ഇൻസ്റ്റഗ്രാം ഫോളോവേഴ്സുള്ള കോക്രോച്ച് ജനതാ പാർട്ടിക്ക് എന്തൊക്കെ ചലനങ്ങൾ ഭാവിയിൽ സൃഷ്ടിക്കാൻ കഴിയുമെന്നും ചോദ്യമുയരുന്നുണ്ട്.
മെറ്റയുടെയും മറ്റ് സമൂഹമാധ്യമ ട്രാക്കർമാരുടെയും കണക്കനുസരിച്ച് ഇന്ത്യയിൽ ഏകദേശം 41 കോടിക്കും 55 കോടിക്കുമിടയിൽ ആളുകൾ പ്രതിദിനം ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലെ വലിയൊരു വിഭാഗം ഇപ്പോഴും കോക്രോച്ച് ജനതാ പാർട്ടിയെ പിന്തുണയ്ക്കുന്നവരല്ല എന്നാണ് കണക്കുകൾ തെളിയിക്കുന്നത്. ഇക്കൂട്ടത്തിൽ വിദ്യാർഥികളും യുവാക്കളുമടങ്ങുന്ന ഏതൊരു പ്രായവിഭാഗവുമുണ്ടാകും.
എന്നാൽ തങ്ങളുടെ ഡിജിറ്റൽ റീച്ച് ഉപയോഗിച്ചും കൃത്യമായ രാഷ്ട്രീയ പ്രയോഗത്തിലൂടെയും സമൂഹമാധ്യമങ്ങളിലൂടെ മാത്രമല്ലാതെ തെരുവിലും രാജ്യത്തുടനീളവും യുവജനങ്ങളെ സംഘടിപ്പിക്കുവാൻ കഴിഞ്ഞുവെന്നതാണ് കോക്രോച്ച് ജനതാ പാർട്ടി എന്ന പ്രസ്ഥാനത്തിന് ധർമേന്ദ്ര പ്രധാന്റെ രാജി വരെയെത്തുന്ന വിജയം സമ്മാനിച്ചത്.
തുടക്കം മുതലേ ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യമുന്നയിച്ചിരുന്ന സിജെപി പരീക്ഷാ സമ്പ്രദായത്തിലെ പരിഷ്കാരത്തിനും വിദ്യാഭ്യാസ സംവിധാനത്തിന്റെ പരിവർത്തനത്തിനും പരിഗണന കൊടുത്തതിലൂടെ ഇന്ത്യയുടെ സംവിധാനത്തിൽ രോഷം പൂണ്ടിരുന്ന ഒരു കൂട്ടം വിദ്യാർഥികളും യുവാക്കളും കൂട്ടത്തോടെ സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു തെരുവുകളിലേക്കിറങ്ങി.
തങ്ങൾ ഉപയോക്താക്കളായ വിദ്യാഭ്യാസ സംവിധാനത്തിലെ അതൃപ്തി നേരിട്ട് പ്രകടിപ്പിക്കാൻ പതിനായിരങ്ങൾ ജന്തർ മന്തറിലെത്തിയതാണ് വിജയത്തിന് ഊർജമായത്.
രാജ്യത്തെ നിലവിലുള്ള ഏറ്റവും വലിയ യുവജന പ്രസ്ഥാനം രാഷ്ട്രീയകക്ഷിയാകുമോ എന്ന ചോദ്യമുയരുന്നുണ്ട്.
സിജെപിയുടെ ഭാവി തന്ത്രം ഉടൻ പ്രഖ്യാപിക്കുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ അറിയിച്ചിട്ടുണ്ട്.പഞ്ചാബിലടക്കമുള്ള ചോദ്യപേപ്പർ ചോർച്ചയിൽ ഇടപെടാൻ സാധ്യതയുണ്ടെന്നാണ് സിജെപിയുടെ വക്താക്കൾ വ്യക്തമാക്കുന്നത്.
യുവാക്കൾക്കുവേണ്ടി യുവാക്കൾ നടത്തുന്ന പ്രസ്ഥാനം യുവാക്കളെ മാത്രം വോട്ടുബാങ്കാക്കുന്ന പാർട്ടിയായി മാറുമോയെന്നതിൽ സന്ദേഹം നിലനിൽക്കുന്നു. കുറഞ്ഞ പക്ഷം രാഷ്ട്രീയരംഗത്ത് ചുവടുറപ്പിക്കാനായിരിക്കും അവർ അവരുടെ പ്ലാറ്റ്ഫോമിന്റെ വിജയം നിലവിൽ ഉപയോഗിക്കുക.